Search Here

കോവൂരിലെ പെട്രോള്‍ ബങ്കിനുപിന്നിലുള്ള ഓടിട്ട വീടിന്റെ പകുതിയില്‍ ഞാനും കുടുംബവും താമസത്തിനു ചെന്നപ്പോഴാണ് മറ്റേ പകുതിയിലെ നൂറിനെ കണ്ടത്. ഉമ്മയുടെ ഒക്കത്തിരുന്ന് പുതിയ താമസക്കാരെ കണ്ട്  അവളുടെ മനോഹരമായ കുഞ്ഞുമുഖം തുടുത്തു. 
    'നിനക്കിതാ ഇത്താത്തയെക്കൂടാതെ രണ്ടു പുതിയ  ചേച്ചിമാരെക്കൂടി കിട്ടിയിരിക്കുന്നു' എന്ന് അവളുടെ ഉമ്മ അസ്മ പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന അവരുടെ ഭര്‍ത്താവ് കരീമും അതു ശരിവച്ചു മന്ദഹസിച്ചു.
  കുഞ്ഞിനെ എടുക്കാനായി എന്റെ ഭാര്യ കൈനീട്ടിയപ്പോള്‍ അവളും തിരിക കൈ നീട്ടി. അപ്പോഴാണ് അത് കണ്ടത്: കുഞ്ഞുനൂറിന് രണ്ട് കൈപ്പത്തികളും ഇല്ല! ഉമ്മയുടെ ഉടുപ്പിനോട് ചേര്‍ത്തുപിടിച്ച കുഞ്ഞിക്കാലുകളുടെ അറ്റത്ത് പാദങ്ങളും തീരെയില്ല. നൂര്‍ എന്ന വാക്കിന്റെ അര്‍ഥം പ്രകാശമെന്നാണെന്ന് അറിയാമായിരുന്ന ഞാന്‍ അമ്പരന്നുനിന്ന എന്റെ കുട്ടികളോട് പറഞ്ഞു: 'നോക്കൂ, ലോകത്തിന്റെ വെളിച്ചമാകാന്‍ ഭൂമിയില്‍ വന്നവളാണ് ഇവള്‍!'
  നാട്ടില്‍ നിന്നു കൊണ്ടുവന്ന അവലോസുപൊടി ഭാര്യ എല്ലാവര്‍ക്കും വിളമ്പി. കൈപ്പത്തികള്‍ തീരെയില്ലാത്ത കുഞ്ഞുനൂറിന് അത് സ്പൂണില്‍ വാരിക്കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കെറുവുകാട്ടി സ്പൂണ്‍ തട്ടിക്കളഞ്ഞു. 'ആനുകൂല്യങ്ങളും സഹതാപവും എനിക്കുവേണ്ട'  എന്നു പറയാതെ പറഞ്ഞുകൊണ്ട് ആ രണ്ടരവയസ്സുകാരി വിസ്മയകരമായ ചാതുര്യത്തോടെ പാത്രമെടുത്തുയര്‍ത്തി അവലോസുപൊടി ആസ്വദിച്ചു കഴിക്കാന്‍ തുടങ്ങിയ രംഗം ഇന്നും എന്റെ കണ്ണിലുണ്ട്.
  സഹവാസത്തിന്റെ കാതല്‍ തിടംവച്ചപ്പോള്‍ ഞാന്‍ നൂറിന്റെ ഉപ്പയെ കരീമിക്ക എന്നുവിളിച്ചു. അവളുടെ ഉമ്മ അസ്മ എറണാകുളത്ത് മഹാരാജാസില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദമെടുത്തയാളാണെന്ന കാര്യം അവരോടുള്ള ഞങ്ങളുടെ ആദരവിനെ ഇരട്ടിപ്പിച്ചു. ഇലക്ട്രീഷ്യനായ കരീമിക്കയും ഭാര്യയും രണ്ടു പെണ്‍മക്കളും വീടിന്റെ അപ്പുറത്തെ പകുതിയിലായിരുന്നെങ്കിലും നന്മ നിറഞ്ഞ ഒരു സാഹോദര്യം ആ രണ്ടുവീട്ടുപാതികളേയും ചേര്‍ത്ത് ഒരൊറ്റവീടാക്കി. പെരുന്നാളുകള്‍ക്കും ഓണത്തിനുമൊക്കെ ഞങ്ങള്‍ ആഹാരങ്ങള്‍ പങ്കിട്ടു. 
 നൂറും അവളുടെ അഞ്ചുവയസ്സുകാരി ചേച്ചിയും ഞങ്ങളുടേയും മക്കളായി. വൈകിട്ട് പണികഴിഞ്ഞ് തിരിച്ചെത്തുന്ന എന്നെ ദൂരെ നിന്നു കാണുമ്പോഴേക്കും മുട്ടിലിഴഞ്ഞ് പൂമുഖത്തേക്ക് പാഞ്ഞുവന്നുകൊണ്ട്  കുഞ്ഞുനൂര്‍ ഉറക്കെ വിളിക്കും: 'ഇക്കാക്കാ!'
  ഉപ്പയുടെ പ്രായമുള്ള ഞാന്‍ അങ്ങനെ കുഞ്ഞുനൂറിന് ആകെയുള്ള ഒരിക്കാക്ക ആയി. അനിയത്തിമാരില്ലാത്ത എനിക്ക് എന്റെ മക്കളേക്കാള്‍ പ്രായക്കുറവുള്ള ഒരു അനിയത്തിയേയും കിട്ടി. 
 വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ മെഡിക്കല്‍ കോളേജിനടുത്തുള്ള മായനാട്ട് വീടുവച്ച് താമസം മാറി. നൂറും കുടുംബവും  ആ സ്‌നേഹവും സൗഹൃദവും തുടര്‍ന്നു. അവള്‍ വളര്‍ന്നു. കൃത്രിമക്കാലുകള്‍വച്ച് താളംതെറ്റാതെ നടക്കാന്‍ പഠിച്ചു. സ്‌കൂളില്‍ പ്രസംഗത്തിനും ചിത്രരചനയ്ക്കും പഠനത്തിലുമെല്ലാം ഒന്നാമതായി. വീട്ടില്‍ വരുമ്പോഴെല്ലാം അവസാനം സമ്മാനം നേടിത്തന്ന പ്രസംഗം ചൊടിയോടെ എന്റെ മുന്നില്‍ അവതരിപ്പിച്ചു. വീടിന്റെ മുകള്‍നിലയിലുള്ള ഞങ്ങളുടെ ലൈബ്രറിയില്‍നിന്ന് പ്രായത്തേക്കാള്‍ കനമുള്ള പുസ്തകങ്ങള്‍ കൊണ്ടുപോയി വായിച്ച് കൃത്യമായി തിരിച്ചെത്തിച്ചു. രണ്ടു കൈകളുടെയും അഗ്രത്തില്‍ ചേര്‍ത്തുപിടിച്ച ബ്രഷുകൊണ്ട് അവള്‍ വരച്ച ചിത്രങ്ങള്‍ വാട്ട്‌സ് ആപ്പില്‍ അയച്ചുതന്ന് ഞങ്ങളെ വിസ്മയിപ്പിച്ചു. 
       'അച്ഛന്‍ അന്നു പറഞ്ഞത് ശരിതന്നെ', എന്റെ മക്കള്‍ പറഞ്ഞു:' ലോകത്തിന് പ്രകാശമാകാന്‍ പിറന്നവളാണ് നൂര്‍!'
  മാസങ്ങള്‍ക്കുമുമ്പ് നൂറിന്റെ ഇത്തയുടെ കല്യാണത്തിന് ഞങ്ങള്‍ കാരന്തൂരില്‍ പോയിരുന്നു. നൂറിനേക്കാള്‍ രണ്ടോ മൂന്നോ വയസ്സിനേ മൂപ്പുള്ളൂവെങ്കിലും അനിയത്തിയെ പൊന്നുപോലെ സംരക്ഷിച്ച് ഒപ്പം നടന്ന 'ഇത്താത്ത' കല്യാണപ്പന്തലില്‍ മൊഞ്ചത്തിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതുകണ്ടപ്പോള്‍ കാലം പായുന്ന വേഗതയോര്‍ത്ത് വിസ്മയിച്ചു. 
  നൂറെവിടെ? ഞാന്‍ ചുറ്റും നോക്കി.
       'ഇക്കാക്കാ!' കുറേക്കാലത്തിനുശേഷം ആ വിളി കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ആ മുഖം തൊട്ടടുത്ത്. നൂര്‍! കൈത്തണ്ടയില്‍ മൈലാഞ്ചി!
  കുറേക്കാലം കൂടി നൂറിനെ കാണുകയായിരുന്നു. 
     ' ഇക്കാക്കയെ ഞാന്‍ എവിടെയെല്ലാം നോക്കി. എന്താ വരാന്‍ വൈകിയത്?', അവള്‍ കെറുവിച്ചു.
  പളപളാ മിന്നുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് മിടുക്കിയായ എന്റെ കുഞ്ഞനുജത്തി അവിടെയെല്ലാം ഓടിനടന്ന് അതിഥികളെ ആനയിച്ചിരുത്തുന്നതു കണ്ട് കണ്ണുനിറഞ്ഞു.
 കോഴിക്കോട് എനിക്കു നല്‍കിയ പ്രകാശങ്ങളില്‍ ഒന്നാമതായി കുഞ്ഞുനൂര്‍ വരുന്നു. മതത്തിന്റെ അതിപ്രസരമുള്ള ഈ കെട്ട കാലത്ത്, എന്റെ കുഞ്ഞേ, ഒരിക്കലും സ്വന്തം മതമെന്നും അന്യന്റെ മതമെന്നും ചൊല്ലി എന്റെ മനസ്സിന് നില തെറ്റുകയില്ലെന്ന് എനിക്ക് ഉറപ്പുതരുന്നത് നീയാണല്ലോ. അങ്ങനെ നില തെറ്റിയാല്‍ ആ നരകത്തില്‍ നിന്ന് ഒറ്റ നിമിഷം കൊണ്ട് എന്നെ സമനിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നിന്റെ ആ വിളിയുടെ ഓര്‍മ്മ മാത്രം മതിയാകും:"ഇക്കാക്കാ!"

(മാതൃഭൂമി ബുക്സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന സുഭാഷ്ചന്ദ്രന്റെ "പാഠപുസ്തകം" എന്ന ഓര്‍മ്മപ്പുസ്തകത്തില്‍ നിന്ന്)

നൂര്‍ എന്ന പ്രകാശം